കണ്ണൂർ: പ്രതിസന്ധി ഘട്ടത്തിൽ പോലും ഒരു മര്യാദയോ വിട്ടുവീഴ്ചയോ ഇല്ലാതെ പാർട്ടിക്കുള്ളിൽ ശല്യമുണ്ടാക്കുന്ന നേതാക്കളെ നിലയ്ക്ക് നിർത്താനും അച്ചടക്കം പഠിപ്പിക്കാനും ഉറച്ച് കെപിസിസി നേതൃത്വം. ഒരു ഡിസിസി ജനറൽ സെക്രട്ടറിയെ തന്നെ സകലസ്ഥാനങ്ങളിൽ നിന്നും ഇപ്പോൾ പുറത്തു കളഞ്ഞിരിക്കുകയാണ്. ഇനിയും പലർക്കും ഇത് മുന്നറിയിപ്പായി മാറും എന്ന് ഉറപ്പാണ്. കഴിഞ്ഞ ദിവസം മറ്റൊരു നേതാവിനെതിരെയും കണ്ണൂർ ഡിസിസി നേതൃത്വം നടപടി എടുത്തിരുന്നു. സെമി കേഡർ വന്നു കഴിഞ്ഞതായി പ്രവർത്തകർ വിലയിരുത്തുന്ന ശുഭമുഹൂർത്തമാണ് എത്തിയിട്ടുള്ളത്.സിപിഎം നോടും ബിജെപിയോടും അവരുടെ കൂട്ടുകെട്ടുകളോടും പോരാടി തലയുയർത്തി നിൽക്കുമ്പോൾ കണ്ണൂരിലെ ചില നേതാക്കൾ പാർട്ടി നേതൃത്വത്തിനും അണികളുടെ ആത്മാഭിമാനത്തിനും നാണക്കേടാകുന്ന വിധത്തിൽ പെരുമാറുന്ന സംഭവങ്ങൾ നിരവധിയാണ്. അണികളുടെ ആത്മവീര്യം തകർത്തും സ്ഥാനമാനങ്ങളും സ്വാധീനങ്ങളും ഉപയോഗിച്ച് വിലപേശിയും സഹപ്രവർത്തകരെ നാണം കെടുത്തിയും നിസഹകരിച്ചും തോന്നിയപോലെ പ്രവർത്തിക്കുന്ന നേതാക്കളെ നിലയ്ക്ക് നിർത്തണമെന്ന അണികളുടെ ആവശ്യം പലപ്പോഴും അവഗണിക്കപ്പെട്ടിരുന്നു. ഗ്രൂപ്പ് സമവാക്യങ്ങളുടെ പേരിലാണ് ഇക്കാലമത്രയും പലരും ഇത്തരം നാണക്കേടുണ്ടാക്കുന്ന പണികൾ നടത്തിയിരുന്നത്. ദേശീയ തലത്തിലും സംസ്ഥാനത്തും ഭരണമില്ലാതായപ്പോഴും സ്വന്തം ലൈനിൽ വിഭാഗീയത നിലനിർത്തുകയും വിലപേശലും ഭീഷണിയും നാണം കെടുത്തലുമായി കുറേ നേതാക്കൾ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന പ്രവണത തുടർന്നു. എന്തെങ്കിലും നടപടി പാർട്ടി തലത്തിലെടുത്താൽ ഞങ്ങൾ സിപിഎമ്മിലേക്ക് പോകും അല്ലങ്കിൽ ബിജെപിയിലേക്ക് പോകും എന്നൊക്കെ പറഞ്ഞ് വിലപേശൽ നടത്തുകയും പാർട്ടിയുടെ ശത്രുക്കളുമായി ചേർന്ന് പാർട്ടിയെ വെല്ലുവിളിക്കുന്ന പ്രവണതയും ചിലർ തുടർന്നു. ഭാരവാഹികളുടെ തന്നെ ഇത്തരം അച്ചടക്ക ലംഘനം കണ്ട് മനസ്സ് മടുത്ത് സജീവ പാർട്ടി പ്രവർത്തനം നിർത്തിയ അണികളുടെ എണ്ണം ആയിരങ്ങളാണ്. പാർട്ടി, പ്രതിസന്ധിയെ തരണം ചെയ്ത് ജനകീയ ശ്രദ്ധ തിരിച്ച് പിടിച്ച് മുന്നേറ്റങ്ങൾ നടത്തുന്ന കാലത്തും അതിനെയെല്ലാം പിന്നോട്ട് വ ലിക്കുകയും നാണക്കേടിലേക്ക് വലിച്ചിടുകയും ചെയ്യുന്ന പ്രവർത്തനം ചില നേതാക്കൾ തുടരുകയാണ്. ഒരു നേതാവെന്നും ഭാരവാഹിയെന്നും നിലയിലുള്ള ഉത്തരവാദിത്വം പോലും മറന്ന്, സ്വന്തമായുള്ള അഭിമാനബോധവും പാർട്ടിയുടെ അന്തസ്സും പരിഗണിക്കാതെ പാർട്ടിക്കെതിരെ തിരിയുന്നവരെ ചുമക്കാൻ തയാറല്ല എന്ന നിലപാടിലേക്ക് സാധാരണ പ്രവർത്തകർ മാറിയ അവസ്ഥയിൽ നേതൃത്വവും കടുത്ത നിലപാടുകളിലേക്ക് നീങ്ങുകയാണ്. ജനാധിപത്യത്തിൻ്റെ എല്ലാ സാധ്യതകളും നിലനിൽക്കുന്ന ഉൾപ്പാർട്ടി സംവിധാനത്തെ പോലും നാണം കെടുത്തി കോൺഗ്രസിന് അവമതിപ്പ് ഉണ്ടാക്കുന്നവർ ആരായിരുന്നാലും അവർക്കെതിരെ അച്ചടക്ക നടപടി കർശനമായി സ്വീകരിക്കാനാണ് പാർട്ടി നേതൃത്വത്തിൻ്റെ തീരുമാനം. അത്ത രം വ്യക്തികൾ ഒരു വിധ ജനാധിപത്യവുമില്ലാത്ത ബിജെപിയിലേക്കോ സിപിഎമ്മിലേക്കോ പോയാലും വേണ്ടില്ല, കോൺഗ്രസിന് സ്വയം പാരയായി ഇനി വേണ്ട എന്നാണ് പാർട്ടി തീരുമാനം. ഭരണം കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യട്ടെ, സ്വയം കുഴി കുഴിച്ച് അതിൽ ചാടി പാർട്ടിയെ നാണം കെടുത്തുന്നവർ ഇനി വേണ്ട എന്ന ലൈനിലേക്ക് ഒടുവിൽ പാർട്ടി എത്തുകയാണ്. ഏറ്റവും അധികം ആക്രമണം നേരിടുന്ന കണ്ണൂരിൽ തന്നെ ആ നിലപാട് പ്രകാരം മുന്നോട്ട് പോകാനാണ് തുടക്കം കുറിച്ചിട്ടുള്ളത്. പാർട്ടിയുടെ അന്തസ്സ് തകർക്കുന്ന ചില ഭാരവാഹികളുടെ താൻ പ്രമാണിത്തങ്ങൾക്കും ഒരു തരത്തിലും ഒത്തുതീർപ്പിന് പോലും വഴങ്ങാതെ നീങ്ങുന്ന അത്തരക്കാരുടെ പിടിവാശികൾക്കും ഇനി വഴങ്ങണ്ട എന്നാണ് തീരുമാനം. അവർ ബിജെപിയിലോ സിപിഎമ്മിലോ ചേക്കേറിയാൽ പോനാൽ പോകട്ടും പോടാ എന്ന് പറയാൻ പാർട്ടി തയാറെടുത്ത് തുടങ്ങി.ഏത് ഉന്നതനായാലും നയം അങ്ങനെ തന്നെയായിരിക്കണം എന്ന നിലപാടാണ് അണികൾക്കുള്ളത് എന്ന് പാർട്ടി നേതൃത്വം തിരിച്ചറിഞ്ഞു തുടങ്ങിയ തിൻ്റെ ആഹ്ളാദത്തിലാണ് പ്രവർത്തകർ. അവർ പറയുന്നു - പൊന്നു കായ്ക്കുന്ന മരമാണെങ്കിലും പാർട്ടിക്കു മുകളിലേക്ക് ചാഞ്ഞാൽ പുറത്തെറിയണം....
It is decided to throw out a leader like Pannu if he becomes a spade within the Congress. Joy in the ranks...